സാമൂഹിക പരിഷ്‌കർത്താവിനെ തേടുന്നു...
എല്ലാക്കാലത്തും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അടിമത്തം നിലനിന്നിരുന്നു — ജാതി, മതം, വർഗം, വർണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ. ഇതിൽ പലതും നാരായണ ഗുരുവിനെപ്പോലെയും രാജാറാം മോഹൻ റോയിയെപ്പോലെയുമുള്ളവരുടെ കഠിനമായ പരിശ്രമത്തിലൂടെ മാറ്റിയെടുക്കപ്പെട്ടു.
പക്ഷേ, ഇന്ന് പുതിയ പല അടിമത്തങ്ങളും പല ചൂഷകവർഗങ്ങളും രൂപപ്പെടുത്തിയിരിക്കുന്നു. അതിനെയെല്ലാം ചോദ്യം ചെയ്യാൻ ഞാൻ സാമൂഹിക പരിഷ്കർത്താക്കളെ തേടുന്നു.
ആധുനിക ലോകത്ത്, പ്രത്യേകിച്ച് മൂന്നാംലോക രാഷ്ട്രങ്ങളിൽ, നിലനിൽക്കുന്ന ഒരു പുതിയ അടിമത്ത വ്യവസ്ഥയാണ് കോർപ്പറേറ്റ് സ്ലേവറി, അഥവാ കോർപ്പറേറ്റ് മേഖലയിലെ ചൂഷണവ്യവസ്ഥ . ഏറ്റവും സങ്കടം, ദിവസവും 12 മണിക്കൂറിലധികം ടാർഗറ്റിന്റെ പേരിൽ ചൂഷണം ചെയ്യപ്പെടുമ്പോഴും, അതിന് വിധേയനാകുന്നതിൽ പോലും അതിൽ അഭിമാനം കൊള്ളുന്നവരുണ്ട്.
പണ്ടും ഇങ്ങനെയായിരുന്നു. തമ്പുരാന്റെയും വെള്ളക്കാരന്റെയും എച്ചിലിലാണ് തന്റെ സ്വർഗ്ഗമെന്ന് അഭിമാനിച്ചിരുന്ന ഒരു ചെറിയ ജനസമൂഹം ഉണ്ടായിരുന്നു. രാജാവിന്റെ ആസക്തിക്കുവേണ്ടി വെട്ടുകൊണ്ട് ചത്തവൻ ധീരദേശാഭിമാനിയായി വാഴ്ത്തപ്പെട്ടു; പട്ടും വളയും ലഭിച്ചു. ഇന്ന് കോർപ്പറേറ്റ് മുതലാളിയുടെ കീശ വീർപ്പിക്കാൻ സ്വന്തം ജീവിതം ഹോമിച്ചവന് ‘എംപ്ലോയി ഓഫ് ദ മന്ത്’ പോലുള്ള പട്ടങ്ങളും പുട്ടും വടയും കിട്ടും, കൂടെ ആട്ടിൻ സൂപ്പും.
നാളെക്കാലത്ത് പുതുതലമുറ ഈ തെണ്ടിത്തരമൊക്കെ തൂത്തെറിയും. പക്ഷേ, അത് ഇന്നത്തെ തലമുറയോട് ചെയ്യുന്ന തെണ്ടിത്തരത്തിന് പ്രായശ്ചിത്തമാവില്ല.
ഉണരൂ. ഇത് ചൂഷണമാണ്. പാറ്റയുടെയോ പശുവിന്റെയോ പോലും മനുഷ്യനെ വിലകൽപ്പിക്കാത്ത ഒരു സമൂഹത്തിൽ ഈ കാലഘട്ടത്തിൽ ജനിച്ചത് നമ്മുടെ തെറ്റല്ല.
യോഗ്യതയില്ലാത്ത കത്തനാരന്മാരും സാമൂഹിക സംഘടനകളും, പണം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഗുണനിലവാരമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യം ഉടച്ചുവാർക്കപ്പെടണം. അടിമകളെ നിർമിക്കുന്ന ഫാക്ടറികളാണ് ഇവയെല്ലാം.
ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്. മതവും രാഷ്ട്രീയവും കോർപ്പറേറ്റും എല്ലാം പുതിയ അടിമത്തത്തിന്റെ മേലാളന്മാരായി മാറുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
വർക്ക്–ലൈഫ് ബാലൻസ് ഔദാര്യമല്ല, അവകാശമാണ്.,ടോക്സിക് വർക്ക് കൾച്ചർ അപകടകരമാണ്. വർക്ക് സ്ട്രെസ്സും ആങ്സൈറ്റിയും ഡിപ്രഷനും യുവാക്കളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി പഠനങ്ങൾ നടത്തേണ്ടതുണ്ട്.
കുമാരനാശാൻ പറഞ്ഞതുപോലെ:
“മാറ്റുവിൻ ചട്ടങ്ങളെ, സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ.”
Comments
Post a Comment