പ്രളയക്കാലത്തു.....
കൊച്ചുക്ലാസ്സിൽ എവിടെയോ ഒരു വെളിവില്ലാത്ത കൂട്ടുകാരൻ പറഞ്ഞു: “മഴ പെയ്യുമ്പോൾ പാട്ടുപാടിയാൽ മഴ കൂടുമത്രേ.” എജ്ജാതി മണ്ടൻ! ഒരു പുഞ്ചിരിയോടെ ഓർത്തെടുത്തു.
പക്ഷെ അതിനുശേഷം എല്ലാ ഇടവപ്പാതി മഴക്കാലത്തും ഞാൻ വീടിന് വെളിയിൽ ചെന്നു കൃത്യമായി മഴയെ നോക്കി ആവേശത്തോടെ പാടുമായിരുന്നു — ശക്തമായി പെയ്യാൻ, പെയ്ത് വെള്ളം പൊങ്ങാൻ, വെള്ളം പൊങ്ങി റോഡിൽ കയറി കളക്ടർ അവധി പ്രഖ്യാപിക്കാൻ. മഴയ്ക്ക് ഒരു പ്രോത്സാഹനം. (അഥവാ, ബിരിയാണി കൊടുത്താലോ ലൈൻ?)
വർഷങ്ങൾക്കിപ്പുറം, 2018-ലെ ഒരു ഓഗസ്റ്റ് മാസം. രാത്രി മഴ ശക്തമായി പെയ്യുന്നു. പക്ഷെ കറന്റ് ഇതുവരെ പോയിട്ടില്ല. തെല്ലൊരു ബഹുമാനത്തോടെ ട്യൂബിനെയും ഫാനിനെയും മാറിമാറി നോക്കി. മാണി ആശാൻ വന്നേൽ പിന്നെ നല്ല മാറ്റമൊക്കെയുണ്ട്!
രാത്രി പതിവില്ലാതെ കുറച്ചുനേരത്തേ മൊബൈലൊക്കെ ഒരു മൂലയ്ക്ക് മാറ്റിവെച്ച് ഉറങ്ങാൻ കിടന്നു. (ഇനി വരാൻ പോകുന്ന പുകിലൊക്കെ അറിഞ്ഞിരുന്നെങ്കിൽ 20% എങ്കിലുമത് ചാർജ് ചെയ്തുവെച്ചേനെ.)
രാത്രി ഒരു രണ്ട് മണിയൊക്കെ ആയപ്പോൾ ഒരു മെഴുകുതിരി വെളിച്ചവുമായി അമ്മ വിളിച്ചുണർത്തി. വെളിയിൽ വികലമായ ശബ്ദങ്ങൾ. മനുഷ്യർ സ്വതഃസിദ്ധമായ ശൈലിയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുനടക്കുന്നു. പാതിയുറക്കച്ചടവിൽ ഞാൻ അത് കേട്ടു:
“ആറ്റിൽ വെള്ളം കയറിത്തുടങ്ങിയിരിക്കുന്നു.”
അങ്ങ് താഴെയുള്ള അച്ചായന്റെ വീട്ടിൽ സാധനങ്ങൾ രണ്ടാം നിലയിലേക്ക് മാറ്റാൻ സഹായിച്ച് ഇറങ്ങിവരുമ്പോൾ, ചെരുപ്പ് പ്രളയജലത്തിനൊപ്പം പ്രയാണം ആരംഭിച്ച കാഴ്ച സങ്കടത്തോടെ നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. വെള്ളമിറങ്ങി ചെരുപ്പ് കണ്ടെത്തി, ചെരുപ്പുമായി വീട്ടിലേക്ക് പോകാൻ ഒരു മണ്ടനെപ്പോലെ കാത്തുനിന്ന എനിക്ക് അഞ്ചു മിനിറ്റുകൾക്കിപ്പുറം അരയാൾ വെള്ളത്തിൽ മുണ്ടും പൊക്കിപ്പിടിച്ച് നഗ്നപാദനായി നീന്തിക്കയറേണ്ടിവന്നു.
ഭയാനകമായ മഴ. അക്ഷരാർഥത്തിൽ കോരിച്ചൊരിയുന്നു. എവിടെയോ ഉരുൾപൊട്ടിയിരിക്കുന്നു. ഒരു വലിയ കുന്ന് അതേപടി ഉരുൾപൊട്ടി ആറ്റിലൂടെ ഒഴുകുന്നത് താൻ കണ്ടു എന്ന് ഒരു ചേട്ടൻ വീമ്പിളക്കുന്നു.
24 വർഷത്തെ ജീവിതത്തിനിടയ്ക്ക് ഒരു പ്രളയവും എന്റെ വീട് സന്ദർശിക്കാൻ ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. ഇനി എത്തില്ല എന്നും എനിക്ക് ഉറപ്പായിരുന്നു. (ഞാൻ പാട്ടുപാടി മഴ പെയ്യിക്കുന്ന ഋശ്യശൃംഗൻ ലൈനൊക്കെ പണ്ടേ റിട്ടയർ ചെയ്തല്ലോ.)
പക്ഷെ വെള്ളം ഇരച്ചുകയറിക്കൊണ്ടിരുന്നു. ഞാൻ പണ്ട് പാടിയ പാട്ടെല്ലാം പുഴ ഇപ്പോൾ നല്ല മൂഡിൽ ഒന്നിച്ച് കേട്ടു എന്നു തോന്നി.
പുലർച്ചെ അഞ്ചുമണിയോടടുത്ത് വീടിന്റെ ഉമ്മറത്ത് പുഴമുത്തശ്ശി തന്റെ സാന്നിധ്യം അറിയിച്ചു, “ഇപ്പോൾ പാടുന്നില്ലേടാ പട്ടി?” എന്ന് ചോദിക്കുന്നതുപോലെ തോന്നി.
എനിക്കപ്പോഴും ഉറപ്പായിരുന്നു, വീട് വിട്ട് ഇറങ്ങേണ്ടിവരില്ലെന്ന്.
അരയാൾ വെള്ളമെത്തിയപ്പോൾ അമ്മയെ കൈക്കുപിടിച്ച് പുറത്തു റോഡിലെത്തിച്ചു. ചില സാധനങ്ങൾ മാറ്റാൻ വിഫലമായ ഒരു ശ്രമവും നടത്തി. ഒരു ബെഡ് മാറ്റാനുള്ള ശ്രമത്തിനിടെ അപ്പൻ പടിക്കെട്ടിൽ തോളിടിച്ച് വീഴുന്ന കാഴ്ച എന്റെ മനസ്സും ഇച്ഛാശക്തിയും ഒരേസമയം പൂർണമായി ഇടിച്ചുകളഞ്ഞു.
എല്ലാ ആത്മവിശ്വാസവും ആ ഒരു നിമിഷത്തിൽ കൈവെള്ളയിലൂടെ ജലം ഊർന്നിറങ്ങിപ്പോകുന്നതുപോലെ ഇല്ലാതാവുന്നത് ഞാൻ അറിഞ്ഞു.
നെഞ്ചോളം വെള്ളമെത്തിയപ്പോൾ, അക്ഷരാർഥത്തിൽ ഉടുതുണിക്ക് മറുതുണി മാത്രമായി. മാതാപിതാക്കളുടെ ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ, ജനിച്ചുവളർന്ന വീട്, എന്റെ സർട്ടിഫിക്കറ്റുകൾ ഒഴികെ 24 വർഷത്തിൽ മെറ്റീരിയലായി ഞാൻ നേടിയതെല്ലാം — കതകുകൾ രണ്ടും മലർക്കെ തുറന്ന് പ്രകൃതിക്ക് വിട്ടുകൊടുത്ത് ഇറങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞു.
ഒരു അടുത്ത സുഹൃത്തിനെ ഒരു വലിയ അപകടത്തിൽ ഒറ്റയ്ക്കാക്കി ഉപേക്ഷിച്ച് പോകേണ്ടിവരുന്നവന്റെ ഗതികേടിന്റെ വേദന.
വീടും ഒരു വികാരമാണ്.
കാറ്റും കോളും വെയിലും സന്തോഷവും സങ്കടവും എല്ലാം കണ്ട ആ പഴയ വീടിന് ഒരു പേമാരിയെയും ആർത്തലച്ചൊഴുകുന്ന ഒരു മഹാപ്രളയത്തെയും അതിജീവിക്കാൻ സാധിക്കുമോ?
ഈറനണിഞ്ഞ വസ്ത്രവുമായി റോഡിൽ കാത്തുനിന്നു — മഴ കുറയും, വെള്ളം ഇറങ്ങും എന്ന പ്രതീക്ഷയുമായി. പക്ഷെ, അനുനിമിഷം ഒരു വന്യജീവിയെക്കണക്കെ പ്രളയജലം വീടിനെ കാർന്നുതിന്നുകൊണ്ടിരുന്നു.
കസിന്റെ വീട്ടിലേക്ക് താമസം മാറി. ആറ്റിന്റെ തീരത്ത് വീടുവെച്ചാൽ ഇങ്ങനെയിരിക്കും എന്ന് എന്നെ ലക്ഷ്യമാക്കി അവൾ പുച്ഛിച്ചു.
നാളെ ഇതേ സമയം ഇവിടെനിന്നും ഈ വീടും പുറകിൽ ഉപേക്ഷിച്ച്, പ്രളയജലത്തെ പേടിച്ച് കുത്തനെയുള്ള മല കയറി ഓടിപ്പോകേണ്ടിവരുമെന്ന് ഞങ്ങളുടെ വിദൂര സ്വപ്നത്തിൽ പോലും ആ സമയം ഉണ്ടായിരുന്നില്ല.
കാൽ ഉളുക്കി പ്ലാസ്റ്ററിട്ട് ബെഡ്റസ്റ്റ് എടുക്കുന്ന ചേച്ചി പിറ്റേന്ന് എങ്ങനെ ആ മല ഓടിയും ഒറ്റക്കാലിൽ കുതിച്ചും പിടിച്ചുകയറി എന്നുള്ളത് ഇന്നും എനിക്ക് ഒരു സമസ്യയായി തോന്നുന്നു.
പുഴ അവളുടെ അതിർത്തി വിസ്തൃതമാക്കിത്തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. മഴ ഒരു ശമനവുമില്ലാതെ പെയ്തുകൊണ്ടേയിരുന്നു — തോരാത്ത കണ്ണുനീർപോലെ.
നന്നായിരിക്കുന്നു
ReplyDeleteGood writing sir
ReplyDeleteBeautiful
ReplyDeleteExperience makes a man perfect. Nice.
ReplyDeleteThanku
Delete