പ്രളയകാലത്തു........
അവസാനഭാഗം
ഞങ്ങൾ രണ്ടു കുടുംബങ്ങളും താരതമ്യേനെ കുറച്ചുകൂടി ഉയർന്നസ്‌ഥലത്തുള്ള മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി.ഭയാനകമായ അന്ധകാരം, ഇടതടിവില്ലാതെ അതിശക്തമായിപെയ്യുന്ന മഴ, ഫോൺ ഓഫായി ദിവസങ്ങൾ ആയിരിക്കുന്നു, പുറത്തു എന്ത് സംഭവിക്കുന്നു എന്നു കൃത്യമായ ഒരു ധാരണയും ഇല്ലാതായി. ഈ മഴ ഇനി ഒരിക്കലും തോരാതിരിക്കുമോ എന്ന ഭയം എന്നെ ഗ്രസിച്ചുതുടങ്ങി. ആർത്തലച്ചുപെയ്യുന്ന മഴയോടൊപ്പം ഉരുൾപൊട്ടി ഒരു ജലബോംബു കണക്കെ മലവെള്ളപ്പാച്ചിൽ ഒഴുകിവരുന്ന ദുസ്വപനം ഉറക്കത്തെ കുറേശ്ശെ കാർന്നുതിന്നു. രണ്ടു ചോദ്യങ്ങൾ എന്നെ വേട്ടയാടി, ഇവിടെയും വെള്ളം കേറിയാൽ ഇനി എന്ത്?
ഒഴിവാക്കാനാവാത്ത ഒടുക്കത്തിന്റെ തുടക്കം മാത്രമാണോ ഇനി ഈ പ്രളയവും പേമാരിയും?
എല്ലാ ഭയാശങ്കകളെയും അസ്ഥാനത്താക്കി മഴ ചെറുതായി ഒന്ന് മെലിഞ്ഞപോൾ, പിന്നീടുള്ള അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നിസ്സാരമായിത്തോന്നിയ ശുചികരണവും വൃത്തിയാക്കലും നടത്തി താമസം വീണ്ടും കസിൻ ചേച്ചിയുടെ വീട്ടിലേക്കു തന്നെ മാറ്റി, പ്രളയം കാര്യമായ മുറിവുകൾ ഒന്നുംതന്നെ അവിടെ ഏല്പിച്ചിരുന്നില്ല, ഭാഗ്യം
ദിവസങ്ങൾ വീണ്ടും കടന്നുപോയ്യി, വെള്ളം നന്നായി ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഇറങ്ങിപോയതുപോലെതന്നെ, തിരികെ നെഞ്ചോളം വെള്ളത്തിൽ തുഴഞ്ഞു, മൂന്നു ആഴ്ചകൾക്കിപ്പുറം വീണ്ടും വീട്ടിൽ പ്രേവേശിച്ചു. ഒരു ബക്കറ്റിന്റെയും ചൂലിന്റെയും സഹായത്തോടെ പ്രളയജലം ഇറങ്ങിപോവുന്നതിനൊപ്പം തന്നെ അടിഞ്ഞുകൂടിയ ചള്ളയും ചെളിയും ഒരു പരിധി വരെയെങ്കിലും വെളളത്തിനൊപ്പംതന്നെ തേവിവെളിയിൽ കളയാൻ ശ്രമിച്ചു.
സത്യത്തിൽ അങ്ങനെ ചെയ്തതിന്റെ പ്രയോജനം പിന്നീടാണ് മനസിലായത്. നോക്കെത്താദൂരത്തോളം വെള്ളം ഇറങ്ങിയേടത്തെല്ലാം ചള്ളയും ചെളിയും അവശേഷിച്ചിരിക്കുന്നു , അതു വെയിലേറ്റു കട്ടപിടിച്ചു, കാൽമുട്ടോളം ഉയരത്തിൽ മണ്ണിൽ ഉറഞ്ഞു പോയിരിക്കുന്നു.
വീടിന്റെ മച്ചിലിരുന്ന വല്യപ്പച്ചന്റെ ഓർമചിത്രം മുതൽ അലമാരയുടെ അറയിൽ ഇരുന്ന പട്ടുസാരി വരെ ചെളിപിടിച്ചു കുഴമ്പു പരുവം ആയിരിക്കുന്നു, വല്ലാത്ത ദുർഗന്ധം വമിപ്പിക്കുന്നു, എല്ലാം ഒരേ രൂപവും നിറവും സ്വീകരിച്ചിരിക്കുന്നു.
ചങ്കുലച്ചുകളയുന്ന കാഴ്ച.
ടെലിവിഷൻ, ഫ്രിഡ്ജ്, തുണികൾ, മെത്ത, തുടങ്ങി ഖസാക്കിന്റെ ഇതിഹാസം വരെ ഞങ്ങൾ സോപ്പും ഡെറ്റോളുമിട്ടും കഴുകിയുണക്കിനോക്കി, കൂടുതലും ഉപയോഗശൂന്യമായി . പലതും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ വൃഥാവ്യായാമം ആയി മാറി. വാഹനങ്ങൾ റോഡിലൂടെ വരാൻ സാധിക്കാത്തകാരണം airforce ഹെലികോപ്റ്ററിൽ ആഹാരവും, അടിയന്തരവൈദ്യ, മറ്റു ഇതര സഹായങ്ങളും എത്തിച്ചുനല്കിത്തുടങ്ങി.
ശക്തമല്ലെങ്കിലും ചന്നംപിന്നം മഴ പെയ്തുകൊണ്ടേ ഇരുന്നു, ചെളികലർന്ന പ്രളയവെള്ളത്തിൽ വളർത്തുജന്തുക്കളുടെ അഴുകിയ ജഡം ഒഴുകിനടക്കുന്നു.
അന്ധകാരമയാമായ ഇരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കണ്ടു ആനന്ദിക്കുന്ന, അതിൽ പ്രത്യാശ കണ്ടത്തുന്ന മനുഷ്യൻ എന്ന അത്ഭുസൃഷ്ടിയുടെ ജന്മസിദ്ധമായ ഊർജം പകർന്നു തന്ന ശക്തിയിൽ ഞങ്ങൾ,സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ, നന്മ ഉള്ള മനുഷ്യർ എല്ലാവരും ചേർന്നു ശുചിയാക്കാൽ എന്ന ഭഗീരതയത്നം ആരംഭിച്ചു.
ഒരു ആഴ്ച മുകളിൽ തുടർച്ചയ്‌യി പത്തിൽ കൂടുതൽ ആളുകൾ ശുചികരണപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടും വീടിനുള്ളിൽ അടിഞ്ഞുകൂടിയ ചെളിയും ചള്ളയും പകുതിപോലും വെളിയിൽ തേവികളയാൻ സാധിച്ചില്ല. പ്രളയം സമ്മാനിച്ച മലിനജലത്തേക്കാൾ കൂടുതൽ ദുരിതം സമ്മാനിച്ചത് മഹാപ്രളയം അവശേഷിപ്പിച്ചുപോയ്യ ഒരു പ്രദേശത്തെ ആകെ മൂടികളഞ്ഞ ചള്ളയും ചെളിയും ആണ്
റോഡിലെ തടസങ്ങൾ നീക്കി ദിവസങ്ങൾക്കുശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഹാരവും,കുടിവെള്ളവും, മെഴുകുതിരിയും, പകർച്ചപ്പനിക്കെ എതിരെയുള്ള പ്രതിരോധ മരുന്നുകളും മറ്റും എത്തിച്ചുതുടങ്ങി. വീണ്ടും ഒരു ആഴ്ചയോളം പിന്നിട്ടു, മഴ ഒഴിഞ്ഞു നിന്ന ഒരു പകൽ സമയം തൊട്ടുമുകളിലത്തെ കിണറ്റിൽനിന്നു ഒഴുകിവന്ന ഉറവവെള്ളം കുഴികുത്തി ചെറിയ ഒരു കുളംപോലെ ശേഖരിച്ചു. ആ വെള്ളത്തിൽ അരിയിട്ട് മാസത്തിനുശേഷം വീട്ടിൽ തീകത്തിച്ചു കഞ്ഞിവെച്ചു,
നാരങ്ങാച്ചാറുംക്കൂട്ടി വീടിന്റെ ഉമ്മറപ്പടിയിൽ പണിയെടുത്തു തളർന്നു കുടിച്ച ആ കഞ്ഞിയോളം സ്വാദ് അതിനുശേഷവും മുൻപും ഒരു ആഹാരവും തന്നിട്ടില്ല.
പിന്നീടുള്ളത് ചരിത്രം ആയിരുന്നു, ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റ ചരിത്രം, അറിഞ്ഞോ അറിയാതയോ ഞങ്ങളും ആ ചരിത്രത്തിന്റെ ഭാഗം ആയ്യി.പക്ഷെ ഇതിനടിയിലും പ്രളയത്തേക്കാൾ ദുരന്തമായിത്തോന്നിയ ചില മനുഷ്യരുടെ നിഷ്കളങ്കമായ മണ്ടത്തരങ്ങളും കാണാൻ സാധിച്ചു.
അസഹനീയമായ ദുർഗന്ധവും, പാമ്പുശല്യവും, കൂരിരുട്ടിനെ ഭയവും ഉണ്ടായിരുന്നിട്ടും മാസങ്ങൾക്കിപ്പുറം, ഏതോ ഒരു സന്നദ്ധസംഘടന സമ്മാനിച്ച പായ നിലത്തുവിരിച്ചു വീട്ടിൽ തന്നെ പ്രളയത്തിനുശേഷം ആദ്യമായി കിടന്നു, ക്ഷീണം കാരണം ഗാഢനിദ്രയിലാണ്ടുപോയ്യി. പിറ്റേന്നു കിടന്നതിനു പുറകിലുള്ള, കുറഞ്ഞത് ഒരു നാലു വട്ടം എങ്കിലും കഴുകിയ ഒരു കബോർഡിനടിയിൽ നിന്നു ഒരു ചെറിയ പാമ്പ് ഇറങ്ങിവരുന്നതുകണ്ടപ്പോൾ കിളി പോയി നിൽക്കാനേ സാധിച്ചൊള്ളു, പാമ്പുശല്യം അത്രമാത്രം രൂക്ഷം ആയിരുന്നു.
അടുത്തുള്ള മറ്റു അയൽക്കാരുടെ വീടുകളിൽ ഇതിലും മോശം ആയിരുന്നു കാര്യങ്ങൾ.
മറ്റുള്ളവർക്കു ഫോൺ ചാർജ് ചെയ്യാൻ വേണ്ടി മാത്രം എവിടുന്നൊക്കെയോ പെട്രോൾ സംഘടിപ്പിച്ചു ജനറേറ്റർ പ്രവർത്തിപ്പിച്ചവർ, വീട് കുറച്ചെങ്കിലും പൂർവസ്ഥിതിയിലാക്കാൻ ഒരു നന്ദിവാക്കുപോലും പ്രതീഷിക്കാതെ രാപകൽ അധ്വാനിച്ചവർ, പകച്ചു പോവാതെ പതിവ് ആലസ്യങ്ങൾ എല്ലാം മാറ്റിവെച്ചു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾ .... എല്ലാ ദിവസവും ആഹാരവും, അരിയുമൊക്കെ കൊണ്ടുതന്ന ഹൃദയത്തോട് ഏറ്റം അടുത്തുനില്കുന്നവർ ,ചങ്കിന്റെ ചങ്കായ സുഹൃത്തുക്കൾ , സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത സംഘടനകൾ..സാമ്പത്തികമായി സഹായിച്ചവർ മുതൽ ഇരുട്ടത്ത് ഒരു മെഴുകുതിരി കടം തന്നവർവരെ, എല്ലാവരും എല്ലാവരും ..ഒരു യുദ്ധവും ഒരു മനുഷ്യനും ഇതുവരെ ഒറ്റയ്ക്ക് ജയിച്ചിട്ടില്ല ..നന്മയുള്ളവരുടെ, ഐക്യമുള്ളവരുടെ ഒരു കൂട്ടത്തിനു മാത്രമേ വലിയ വലിയ യുദ്ധങ്ങൾ ജയിക്കാൻ സാധിക്കൂ .
വെള്ളം കെട്ടികിടന്ന പാട് ഇന്നും മച്ചിലും മനസിലും അവശേഷിച്ചിരിക്കുന്നു, ഒരു മഹാപ്രളയത്തിന്റെ അടയാളപ്പെടുത്തലായി, ഓർമപെടുതലായി.
ആ ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടു " എന്തോ ഒരു വലിയ മാറ്റത്തിന്റെ തുടക്കം മാത്രം ആയിരുന്നില്ലേ ആ പ്രളയം", എല്ലാ അർഥത്തിലും
gijomenayathil
Au usual adipoliiii
ReplyDeleteകൊള്ളാം, ഒന്നാം പാർട്ട് പോലെ തന്നെ മനോഹരമായിട്ടുണ്ട്
ReplyDeleteThank you
DeleteBeautiful,
ReplyDelete